ധനു മാസ പൗർണമി ഒരു പ്രത്യേക അനുഭൂതി തന്നെ.
മടിയും ക്ഷീണവും എന്നെ പുറത്ത് ഇറങ്ങാൻ അനുവദിച്ചില്ല.
എങ്കിലും പക്ഷി മൃഗാദികളുടെ നില തെറ്റിക്കുന്ന
ഭീമൻ നിലാവാണ് പുറത്തെന്ന് നല്ല ബോധ്യമുണ്ട് കിടക്കുമ്പോൾ.
പല തവണ ഓടി പുറത്തേക്ക് പോവാൻ തോന്നിയെങ്കിലും ശരീരം അനുവദിച്ചില്ല,
ആ പോട്ടെ! എന്നോർത്ത് ഉറങ്ങാൻ തുടങ്ങി.
ചന്ദ്രശോഭ കണ്ട് നേരം വെളുത്തു എന്ന് കരുതിയ
കാക്കകളുടെയും കുയിലുകളുടെയും കലപില
അല്പം ഉറങ്ങി പോയ എന്നെയും തെറ്റിദ്ധരിപ്പിച്ചു
സമയം ഇത്രയുമായോ എന്നോർത്ത് എണീറ്റൊന്ന് നോക്കേണ്ടി വന്നു
സമയം ഒരു മണി,
നിശീഥം
എന്നാൽ ബ്രഹ്മമുഹൂർത്തതിനും പ്രഭാതത്തിനും ഇടയിലുള്ള അതേ ഭംഗി.
കേട്ട ശബ്ദങ്ങളുടെ ഭംഗി ആസ്വദിക്കാൻ
ഫാൻ ഓഫ് ആക്കി കാത് കൂർപ്പിച്ചൊന്ന് കിടന്നു.
കാറ്റത്ത് പാറി മാറി നിന്ന രണ്ട് പാട്ടുകാര് ഓരോ ചെവിയും തേടി വന്നു
ആദ്യം ദേഷ്യം വന്നെങ്കിലും ഇവരെന്തായീ പാടുന്നതെന്ന് ശ്രദ്ധിച്ചാലോ
എന്നൊരു ഭ്രാന്തു തോന്നി
അനങ്ങാതെ കിടന്ന് രണ്ടു ചെവിയിലും പാട്ട് കേട്ടു,
തെല്ലനങ്ങാതെ കിടക്കാനും ദേഷ്യം നിയന്ത്രിക്കാനും
വിചാരിച്ചതിലും ബുദ്ധിമുട്ടായിരുന്നു.
ചെവികല്ല് രണ്ടും മുഴങ്ങി പൊട്ടാറായി
എന്ന് തോന്നിയപ്പോൾ രണ്ടിനേയും ആട്ടിയോടിച്ചു
അല്പ സമയം ശാന്തം.
കാക്കയുടെ ശബ്ദം ഒന്നു ശ്രദ്ധിച്ചു,
ആദ്യമോർത്തു സമയം തെറ്റി കണ്ടതിന്റെ പരാതി പറച്ചിൽ ആവുമോയെന്ന്
പക്ഷെ പിന്നീട് ശ്രദ്ധിച്ചപ്പോ അതങ്ങനെയല്ലായെന്ന് മനസ്സിലായി
രാവിലേയെന്ന പോലെ മെല്ലെ മെല്ലെ ഉള്ള കൂക്കൽ
ഉണർവിന്റെ ശബ്‍ദം
അതതിമധുരമാക്കാൻ ഇടയിലൂടെ കുയിലും
എവിടെയോ ഉപ്പനും ഉണ്ടെന്ന് തോന്നുന്നു
എന്നാൽ രാവിലെ കേൾക്കാൻ ആവാത്ത
പശ്ചാത്തല സംഗീതം സമർപ്പിച്ച് ചീവീടുകളുമുണ്ട്.
ആകെ മൊത്തം വല്ലാത്ത ഒരു ഭംഗി
ഇതിന് മുൻപ് ഈ ജന്മത്തിൽ ഇത് ആസ്വദിച്ചിട്ടുണ്ടോ എന്നറിയില്ല
ആസ്വാദനം മുഴുകിപ്പിക്കും മുന്നേ
പായിച്ചു വിട്ട പാട്ടുകാർ തിരിച്ചെത്തി
മുന്നത്തെ ക്ഷമ ഇത്തവണ കാട്ടിയില്ല
ഉടൻ തന്നെ വീണ്ടും പായിച്ചു രണ്ടിനേം
അല്പസമയം കൂടെ എല്ലാ ശബ്ദങ്ങളും ഒന്ന് ഒപ്പിയെടുത്ത ശേഷം
ഫാൻ വീണ്ടും ഓണാക്കി കിടന്നു
രാവിലെ അഞ്ചരക്ക് എണീക്കണം എന്നൊരു ആഗ്രഹം തോന്നി,
രാവിലെയും ഇവർക്ക് ഇങ്ങനെ പാടാൻ ആരോഗ്യം കാണുമോ എന്ന കൗതുകം
പക്ഷെ എണീക്കാൻ എനിക്ക് ആരോഗ്യം കാണില്ല എന്ന ബോധ്യത്തിൽ
നല്ല സ്വപ്നങ്ങൾ തേടിയെത്തട്ടെ എന്ന് ആഗ്രഹിച്ചുകൊണ്ട് കണ്ണടച്ചു.
ശുഭരാത്രി.
നിതിൻ
ജനു 3, 2026
ഒരു സൂപ്പർ മൂൺ രാത്രി
Nithin S
Saturday, 7 March 2026
You May Also Like
Poetry
Engineering Manager by day, composer by night. > I spend my working hours mentoring and leading my technical teams through the complexities of modern architecture and the evolving landscape of AI. When the screen goes dark, I find my flow at the piano, exploring melody or scribbling in my notebook, sometimes philosophical musings or technical essays other times short poems or Haikus.
Author
Nithin S Sabu
Engineering Manager & Technical Speaker